ടൊറന്റോ: കനേഡിയന്‍ പാര്‍ലമെന്റില്‍ ഇക്കൊല്ലവും ഓണം ഗംഭീരമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കാനഡയിലെ പാര്‍ലമെന്റില്‍ ഓണം ആഘോഷിക്കുന്നത്. മുന്‍വര്‍ഷങ്ങളെക്കാള്‍ മികവോടെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തോടെയും ഇക്കൊല്ലത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17ന് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് സംഘാടക സമിതി ചെയര്മാന് ബിജു ജോര്‍ജും കണ്‍വീനര്‍ റാം മതിലകത്തും അറിയിച്ചു.
ഇന്‍ഡോ കനേഡിയന്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറിന്റെ നേതൃത്വത്തിലാണ് പാര്‍ലമെന്റിലെ ഓണാഘോഷം നടക്കുന്നത്. ആതിഥ്യം വഹിക്കുന്നത് മൈക്കല്‍ ബാരറ്റ് എംപി. ഇതു വരെയുള്ള ആഘോഷങ്ങളില്‍ പങ്കെടുത്തു പോരുന്ന ഫെഡറല്‍ മന്ത്രി അനിത ആനന്ദ്, പ്രതിപക്ഷ നേതാവ് പിയേര്‍ പൊളിയേവ്, യൂക്കോണ്‍ പ്രീമിയറും മലയാളിയുമായ രഞ്ജ് പിള്ള എന്നിവര്‍ ഇക്കൊല്ലവും പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.
വിവിധ കലാസാംസ്കാരിക പരിപാടികളും പൂക്കളവും സദ്യയുമാണ് ഓണാഘോഷത്തിലെ പ്രധാന ഇനങ്ങള്‍. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമായിരിക്കും ആഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്ക്ക് സംഘാടക സമിതിയുമായി ബന്ധപ്പെടാമെന്ന് ബിജുവും റാമും അറിയിച്ചു. ആഘോഷ പരിപാടികളില്‍ പാര്‍ട്ണറാകാനും വിവിധ സംഘടനകളെ സംഘാടക സമിതി ഭാരവാഹികള്‍ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു ജോര്‍ജ്(613-761-3219), പ്രവീണ്‍ വര്‍ക്കി (647-854-0358) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ഔദ്യോഗിക ഇമെയില്‍ വിലാസം: onamatp@gmail.com
കാനഡയില്‍ പാര്‍ലമെന്റില്‍ ഓണം സെപ്റ്റംബര്‍ 17ന്
