സാന്ദ്രയ്ക്ക് മത്സരിക്കാനാവില്ല, നിര്‍മാതാക്കള്‍ രണ്ടു തട്ടില്‍

കൊച്ചി: മലയാള സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പിനു മുമ്പു തന്നെ തിരിച്ചടി. സാന്ദ്രയുടെ പത്രികകള്‍ വരണാധികാരി തള്ളിയതോടെയാണിത്.
ചുരുങ്ങിയത് മൂന്നു സിനിമകളെങ്കിലും നിര്‍മിച്ചാല്‍ മാത്രമാണ് ഒരാള്‍ക്ക് അസോസിയേഷനിലെ എക്‌സിക്യൂട്ടീവ് അംഗം ഒഴികെയുള്ള പ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കാന്‍ സാധിക്കൂ എന്ന ബൈലോയിലെ സാങ്കേതികത്വം മുന്‍നിര്‍ത്തിയാണ് പത്രികകള്‍ തള്ളിയത്. ലിറ്റില്‍ ഹാര്‍ട്‌സ്, നല്ല നിലാവുള്ള രാത്രി എന്നീ സിനിമകള്‍ മാത്രമാണ് സാന്ദ്ര നിര്‍മിച്ചിരിക്കുന്നതെന്നു വരണാധികാരി ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു അംഗത്തിന്റെ പേരില്‍ മൂന്നു സിനിമ എന്നല്ല, മൂന്നു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നാണ് ബൈലോയില്‍ പറഞ്ഞിരിക്കുന്നതെന്നു സാന്ദ്ര ചൂണ്ടിക്കാട്ടിയെങ്കിലും വരണാധികാരി അംഗീകരിക്കാന്‍ തയാറായില്ല. ഒന്‍പതു സിനിമകള്‍ തന്റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്ന് സാന്ദ്ര വ്യക്തമാക്കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. വിജയ് ബാബുവുമായി ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന ബാനറില്‍ നിര്‍മിച്ച ചിത്രങ്ങളെക്കുറിച്ചായിരുന്നു സാന്ദ്രയുടെ പരാമര്‍ശം. ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ മാനേജിങ് പാര്‍ട്ണര്‍ സാന്ദ്രയായിരുന്നുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്.
ഈ വിഷയത്തില്‍ നിര്‍മാതാവ് സുരേഷ് കുമാറും സാന്ദ്രയും തമ്മില്‍ യോഗത്തില്‍ വാക്കേറ്റവും നടന്നു. വരണാധികാരിയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരേ താന്‍ കോടതിയില്‍ പോകുമെന്ന് പിന്നീട് സാന്ദ്ര വ്യക്തമാക്കി.