ഗാസ സിറ്റി: അഞ്ചു മാസത്തിനു ശേഷം ഇസ്രയേലിന്റെ ദാക്ഷിണ്യത്തില്‍ ഗാസയിലേക്ക് പെട്രോളെത്തി. രണ്ടു ട്രക്കുകളിലായി 107 ടണ്‍ ഇന്ധനമാണ് ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള അബു സലേം ക്രോസിങ് വഴി ഗാസയിലെത്തിയത്. ഈജിപ്താണ് ഇത്രയും പെട്രോള്‍ ഗാസയ്ക്കു നല്‍കിയത്. എന്നാല്‍ ആവശ്യമുള്ളതിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് രണ്ടു ടാങ്കുകളിലായി എത്തിച്ചിരിക്കുന്നത്. ആശുപത്രികള്‍ക്കും ഭക്ഷണ നിര്‍മാണ സ്ഥാപനങ്ങള്‍ക്കും മാത്രമായിരിക്കും ഇതു വിതരണം ചെയ്യുകയെന്നറിയുന്നു.
ഐക്യരാഷ്ട്ര സഭയുടെ നാലു ടാങ്കറുകള്‍ കൂടി ഈയാഴ്ച ഗാസയിലെത്താനിടയുണ്ട്. സാധാരണ നിലയിലെത്താന്‍ 600 ടാങ്കര്‍ ഇന്ധനമെങ്കിലും വേണ്ടിവരുമെന്നു കണക്കാക്കിയിരുന്നിടത്താണ് അതിന്റെ വെറും ഒരു ശതമാനം എത്തുന്നത്. കടുത്ത ഭക്ഷണ ക്ഷാമവും പട്ടിണി മരണങ്ങളും വ്യാപിക്കുന്ന ഗാസയിലെ ഭക്ഷണ വിതരണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഇതുകൊണ്ടൊന്നും മതിയാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങേയറ്റം ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും പരിചരിക്കാന്‍ ആശുപത്രികള്‍ക്കു സാധിക്കാത്ത സ്ഥിതിയിലേക്കാണ് ഇന്ധനക്ഷാമം ഗാസയെ എത്തിച്ചിരിക്കുന്നത്.
ഭക്ഷണവുമായെത്തുന്ന ട്രക്കുകള്‍ വിശന്നു വലഞ്ഞ ജനം കൊള്ളയടിക്കുന്നത് ഗാസയില്‍ വ്യാപകമാണ്. ഭക്ഷണത്തിനായുള്ള തിക്കും തിരക്കും നിയന്ത്രിക്കാന്‍ കഴിഞ്ഞ ഞായറാഴ്ച ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ 27 ഗാസക്കാരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തില്‍ സര്‍വ സീമകളും ലംഘിച്ചുള്ള മനുഷ്യ ദുരന്തം ഒഴിവാക്കാന്‍ ഇസ്രയേലിനു മേല്‍ ശക്തമായ രാജ്യാന്തര സമ്മര്‍ദമാണുയരുന്നത്.
രണ്ടു ടാങ്കര്‍ ഇന്ധനം ഗാസയിലേക്ക്, അഞ്ചു മാസത്തിലാദ്യം
