അടുപ്പം അമ്മയോട്, പീഢനം മകള്‍ക്ക്; യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: മൂന്നു മക്കളുടെ അമ്മയായ യുവതിയുമായി വഴിവിട്ട അടുപ്പത്തിനിടെ അവരുടെ ഒമ്പതാം ക്ലാസുകാരിയായ മകളെ ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. മാതമംഗലത്തെ ഓട്ടോ ഡ്രൈവറായ അനീഷ് ആണ് അറസ്റ്റിലായത്. സംഭവം ചൈല്‍ഡ് ലൈന്‍ മുഖേന പോലീസ് അറിഞ്ഞതോടെ ഒളിവില്‍ പോകുകയായിരുന്നു അനീഷ്.
ഫേസ്ബുക്കില്‍ യുവതിയുമായി പരിചയപ്പെട്ട അനീഷ് വളരെ വേഗത്തില്‍ അവരുമായി ബന്ധം സ്ഥാപിക്കുകയും അത് വഴിവിട്ട ബന്ധത്തിലേക്കു വളര്‍ത്തിയെടുക്കുകയുമായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. മക്കളുമായി വീടുവിട്ടിറങ്ങി വന്ന യുവതി അനീഷ് നിര്‍ദേശിച്ചതനുസരിച്ച് പറശ്ശിനിക്കടവില്‍ ഒരു ലോഡ്ജില്‍ താമസിക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതിയുടെ മൂത്ത മകള്‍ പ്ലസ് വണ്ണിലും രണ്ടാമത്തെ മകള്‍ ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്. ജൂണ്‍ നാലിന് അര്‍ധരാത്രിക്കു ശേഷം രണ്ടാമത്തെ മകളെ അനീഷ് പീഢിപ്പിക്കുന്നത് മൂത്ത മകള്‍ കാണാനിടയായി. അമ്മയോട് ഇക്കാര്യം പറഞ്ഞെങ്കിലും അമ്മ അതു കാര്യമാക്കാതെ മൂടിവയ്ക്കുകയാണുണ്ടായത്. പിന്നീട് പെണ്‍കുട്ടി സ്‌കൂളില്‍ അധ്യാപികയോട് ഇക്കാര്യം പറയുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈനിന്റെ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് മാതമംഗലത്തു വച്ച് അനീഷ് പിടിയിലാകുന്നത്.