ധര്‍മസ്ഥല മരണങ്ങളെക്കാള്‍ ദുരൂഹമായി രേഖകള്‍ക്കും മരണം

മംഗളൂരു: ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട് ദുരൂഹമരങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. 2000 മുതല്‍ 2015 വരെയുള്ള ദുരൂഹ മരങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പോലീസിന്റെ കസ്റ്റഡിയില്‍ നശിപ്പിക്കപ്പെട്ടു എന്ന വിവരമാണ് ഒടുവില്‍ പുറത്തു വന്നിരിക്കുന്നത്.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ രേഖകള്‍, അതുമായി ബന്ധപ്പെട്ട അനുബന്ധ റെക്കോര്‍ഡുകള്‍, മൃതദേഹ ചിത്രങ്ങള്‍, ബന്ധപ്പെട്ട നോട്ടീസുകള്‍ തുടങ്ങിയവയെല്ലാമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. വിവരാവകാശ പ്രകാരം ധര്‍മസ്ഥല ആക്ഷന്‍ കമ്മിറ്റിയിലെ അംഗമായ സാമൂഹ്യ പ്രവര്‍ത്തകന്‍ ജയന്ത് ആവശ്യപ്പെട്ടപ്പോഴാണ് ഇത്രയും വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കാലഹരണപ്പെട്ട കേസുകളുടെ രേഖകള്‍ ആവശ്യമെങ്കില്‍ നശിപ്പിക്കാമെന്ന നിയമമനുസരിച്ചാണ് ഇവയത്രയും നശിപ്പിക്കപ്പെട്ടത്. 2023 നവംബര്‍ 23നാണ് ഇവ നശിപ്പിച്ചതെന്ന് ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നിന്നു വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. 1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നൂറോളം മൃതദേഹങ്ങള്‍ മറവു ചെയ്തുവെന്നാണ് മുന്‍ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് ധര്‍മസ്ഥല ഉള്‍പ്പെടുന്ന ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഇവയത്രയും നശിപ്പിക്കപ്പെട്ടത്.