ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഷിബു സോറന്‍ അന്തരിച്ചു. അദ്ദേഹത്തിന് 81 വയസായിരുന്നു. നിലവില്‍ രാജ്യസഭാംഗവും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാവുമാണ്. ഷിബുവിന്റെ പുത്രനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍ പിതാവിന്റെ മരണവാര്‍ത്ത എക്‌സില്‍ പങ്കു വച്ചു. ഒരു മാസത്തിലധികമായി ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിബുവിന്റെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ഏതാനും ദിവസമായി വളരെ വഷളായിരുന്നു.
നാലു ദശകങ്ങള്‍ നീണ്ട സജീവ രാഷ്ട്രീയ ജീവിതത്തിനിടെ ഷിബു സോറന്‍ എട്ടു തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടു തവണ രാജ്യസഭയിലേക്കും. അതില്‍ രാജ്യസഭയിലെ രണ്ടാം ടേമിലായിരുന്നു മരണം.
സന്താള്‍ ഗോത്രത്തില്‍ പഴയ ബീഹാറിന്റെ ഭാഗമായ റാംഗഡിലാണ് ഷിബുവിന്റെ ജനനം. ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാവായ എ കെ റോയി, കുര്‍മി മഹാതോ നേതാവ് ബിനോയ് ബിഹാരി മഹാതോ എന്നിവരുമായി ചേര്‍ന്ന് 1972ലാണ് ജാര്‍ഖമണ്ഡ് മുക്തി മോര്‍ച്ച സ്ഥാപിക്കുന്നത്. ഈ സംഘടനയുടെ പരിശ്രമഫലമായാണ് 2000ല്‍ ബീഹാറില്‍ നിന്നു വേര്‍പെട്ട് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. മൂ്ന്നു തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകാനും ഒരു തവണ കേന്ദ്രമന്ത്രിയാകാനും അവസരം ലഭിച്ചെങ്കിലും ഒരിക്കലും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല എന്ന പ്രത്യേകതയുമുണ്ട്.