ആരുമറിയാതെ കുഞ്ഞിനെ കൈമാറി, അകത്തായി

കൊച്ചി: ഭര്‍ത്താവില്‍ നിന്നകന്നു കഴിയുന്നതിനിടെ കാമുകനില്‍ ഗര്‍ഭിണിയായ യുവതി പ്രസവത്തിനു ശേഷം രഹസ്യമായി കുഞ്ഞിനെ കൈമാറി മാനം രക്ഷിച്ചു. എന്നാല്‍ വിവരമറിഞ്ഞ് പിന്നാലെയെത്തിയ പോലീസ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയായ യുവതിയെയും ഗര്‍ഭത്തിനുത്തരവാദിയായ ജോണ്‍ തോമസിനെയും മുപ്പത്തടത്തെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. അമ്മ ഒന്നാം പ്രതിയും കാമുകന്‍ രണ്ടാം പ്രതിയുമാണ്.
ഒരാഴ്ച മുമ്പ് കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് യുവതി പ്രസവിച്ചത്. മാനഹാനി ഭയന്ന് യുവതി കുഞ്ഞിനെ അപായപ്പെടുത്തിയേക്കുമോയെന്ന സംശയത്തില്‍ ഇവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതു സംബന്ധിച്ച് പോലീസിനു രഹസ്യ വിവരം ലഭിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്തപ്പോള്‍ മുപ്പത്തടത്തു തന്നെ മറ്റൊരു വീട്ടില്‍ കുഞ്ഞു ജീവനോടെയിരിക്കുന്നതായി മനസിലാക്കി. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് ഇരുവരുടെയും പേരില്‍ കേസെടുത്തിരിക്കുന്നത്. യുവതിക്ക് വേറെ രണ്ടു കുട്ടികള്‍ കൂടിയുണ്ട്.