ഗാസ സിറ്റി: ഹമാസ് ബന്ദിയാക്കിയിരിക്കുന്ന ഇസ്രേലികളുടെ യാതന നിറഞ്ഞ ജീവിതം തുറന്നു കാട്ടി ഒരു യുവാവിന്റെ വീഡിയോ പുറത്തെത്തി. ഹമാസ് തന്നെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നതെന്നത് വിരോധാഭാസം. 2023 ഒക്ടോബര്‍ ഏഴിനു നടന്ന ഹമാസ് ആക്രമണത്തില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവ് സ്വന്തം ശവക്കുഴി തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്.
ബന്ദിയാക്കപ്പെട്ട എവ്യാതര്‍ ഡേവിഡ് എന്ന ഇരുപത്തിനാലുകാരനാണ് വീഡിയോയില്‍ സ്വന്തം ശവക്കുഴി തയാറാക്കുന്നത്. ഞാന്‍ എന്റെ ശവക്കുഴിയിലേക്കു പോകുകയാണ്. ഇവിടെയാണ് എന്നെ അടക്കുന്നത്. ഞാന്‍ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ല. എനിക്കു കുടിവെള്ളം പോലും കഷ്ടിച്ചാണ് കിട്ടുന്നത്. യൂവാവ് ഹീബ്രു ഭാഷയില്‍ പറയുന്നു. ഇടുങ്ങിയ ടണലിനുള്ളില്‍ എല്ലും തോലുമായി മാറിയ എവ്യാതറിനെ കണ്ടതോടെ ഇദ്ദേഹത്തിന്റെ കുടുംബക്കാര് ഹമാസിനെതിരേ കടുത്ത വിമര്‍ശനമാണുയര്‍ത്തിയത്.
എവ്യാതറിനെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് അവര്‍ ഇസ്രയേല്‍ ഗവണ്മെന്റിനോടും ലോക സമൂഹത്തോടും അഭ്യര്‍ഥിച്ചു. ഇതേ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു എവ്യാതറിന്റെ കുടുംബവുമായി സംസാരിക്കുകയും സാധ്യമായ എല്ലാ ഇടപെടലും ഉറപ്പു വരുത്തുകയും ചെയ്തു.
മറ്റൊരു ബന്ദിയുടെ വീഡിയോ കൂടെ ഹമാസ് പുറത്തു വിട്ടിരുന്നു. ഒക്ടോബര്‍ ഏഴിനു പിടിയിലായ ഇസ്രയേല്‍-ജര്‍മന്‍ പൗരത്വമുള്ള റോം ബ്രെസ്ലാവ്സ്കി എന്ന യുവാവിന്റേതാണ് ഈ വീഡിയോ. ഇതില്‍ അതീവ ദയനീയാവസ്ഥയിലാണ് ബ്രെസ്ലാവ്സ്കിയുള്ളത്.
സ്വന്തം ശവക്കുഴിയുണ്ടാക്കുന്ന ബന്ദിയുടെ വീഡിയോ പുറത്ത്
