കണ്ണൂര്‍: മാഹിയില്‍ ഇരട്ടക്കൊലക്കേസ് വിചാരണയ്ക്ക് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നു തിരികെ വരുന്നതിനിടെ ടി പി വധക്കേസ് പ്രതികള്‍ പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് മദ്യപിക്കുന്നത്. തലശേരിയിലെ പ്രമുഖ ബാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്തായിരുന്നു ഇവരുടെ മദ്യപാനം. ജയിലില്‍ നിന്നു തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതിനു കൊണ്ടു പോകുമ്പോഴും തിരികെ കൊണ്ടു വരുമ്പോഴും പോലീസിന്റെ കാവല്‍ ഉണ്ടായിരിക്കണമെന്നാണ് നിയമമെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥനെ പോലും ദൃശ്യങ്ങളിലെങ്ങും കാണാനേയില്ല. പോലീസിന്റെ മൗനസമ്മതത്തോടെയായിരുന്നു മദ്യസേവയെന്ന് ഇതില്‍ നിന്നു വ്യക്തം.
ഉച്ചയ്ക്ക് ഊണു കഴിക്കാനെന്ന പേരില്‍ ഹോട്ടലില്‍ പോലീസ് ഇവരെയെത്തിക്കുകയായിരുന്നു. ആ സമയം ഇവരുടെ സുഹൃത്തുക്കള്‍ ഒരു വെളുത്ത കാറില്‍ മദ്യവും ടച്ചിങ്സുമായി എത്തുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ മദ്യം വച്ചതിനു ശേഷം ഓരോരുത്തരായി ഗ്ലാസുകളില്‍ പകര്‍ന്നു കുടിക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് പുറത്തെത്തിയിരിക്കുന്നത്. കാറിനു മുകളില്‍ പരസ്യമായി ടച്ചിങ്സ് വച്ചിരിക്കുകയുമാണ്.
ഈ സംഭവം പുറത്തായതോടെ കണ്ണൂര്‍ എ ആര് ക്യാമ്പിലെ പോലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ജൂലൈ 17നായിരുന്നു ടി പി പ്രതികളുടെ കോടതി യാത്രയും പരസ്യ മദ്യപാനവും. ഇതു സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നെങ്കിലും സംഭവത്തിന്റെ വിശദമായി വീഡിയോ ദൃശ്യം ഇന്നാണ് പുറത്താകുന്നത്.
നിയമം പുല്ലാക്കി കൊടി സുനിക്കും കൂട്ടര്‍ക്കും മദ്യസേവ
