ഓണമുണ്ണാന്‍ കാണം വില്‍ക്കേണ്ടി വരുമോ, ആശങ്ക പടരുന്നു

കോട്ടയം: കാണം വിറ്റും ഓണമുണ്ണണം എന്നാണ് പഴഞ്ചൊല്ലെങ്കിലും ഓണം കഴിഞ്ഞ് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന് പഴഞ്ചൊല്ല് പറഞ്ഞു തരുന്നില്ല. ഇക്കൊല്ലത്തെ ലക്ഷണം വച്ച് ഓണം അക്ഷരാര്‍ഥത്തില്‍ കയ്‌പേറിയതാകാനാണ് സാധ്യത മുഴുവന്‍. ഓണത്തിന് ഒരു മാസത്തിലധികം നില്‍ക്കെത്തന്നെ വിപണിയില്‍ സര്‍വത്ര വിലക്കയറ്റമാണ്.
വെളിച്ചെണ്ണയുടെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന വാര്‍ത്തകള്‍ക്കു കുറവില്ലെങ്കിലും ഇതിനൊപ്പം കുറവില്ലാത്തത് വെളിച്ചെണ്ണയുടെ വിലയ്ക്കു മാത്രമാണ്. കായ് വറുക്കാനും പപ്പടം പൊള്ളിക്കാനും കറികള്‍ താളിക്കാനുമൊക്കെ ഇക്കുറി കിലോയ്ക്ക് അഞ്ഞൂറു രൂപയ്ക്കടുത്ത വിലയില്‍ വെളിച്ചെണ്ണ വാങ്ങേണ്ടതായി വരും. കൊപ്രയുടെ ക്ഷാമമാണ് വെളിച്ചെണ്ണയ്ക്കു വില കയറ്റുന്നതെങ്കില്‍ പച്ചത്തേങ്ങയുടെ കാര്യം പറയാനുണ്ടോ. ഒരു കിലോ തേങ്ങയ്ക്ക് മൊത്തക്കടയില്‍ തന്നെ എണ്‍പതു രൂപയ്്ക്കു മുകളിലാണ് വില. നാട്ടിന്‍പുറങ്ങളിലേക്കെത്തുമ്പോള്‍ തമിഴ്‌നാട് തേങ്ങയ്ക്കു പോലും നൂറുരൂപയ്ക്കടുത്തായി വില നങ്കൂരമിട്ടിരിക്കുന്നു. നാടന്‍ തേങ്ങയ്ക്ക് അതുക്കും മേലെയാണ് വില. പച്ചക്കറികളുടെ വിലയും ദിനംപ്രതിയെന്നോണം കയറിക്കൊണ്ടിരിക്കുകയാണ്. നീളന്‍ അച്ചിങ്ങപ്പയറിന് വില നൂറു രൂപയ്ക്കടുത്തെത്തിയിട്ടുണ്ട്. പടവലങ്ങയും വെള്ളരിക്കയുമൊക്കെ തൊട്ടു പിന്നാലെ തന്നെയുണ്ട്. കിലോയ്ക്ക് നാല്‍പതു രൂപ വരെ താഴ്ന്നിരുന്ന നേന്ത്രക്കായ വില കോട്ടയം മാര്‍ക്കറ്റില്‍ ഇപ്പോള്‍ 55 രൂപയായിട്ടുണ്ട്. ഈ പോക്കു പോയാല്‍ ഓണത്തിനു മുമ്പോ വിലയില്‍ സെഞ്ചുറി അടിക്കുന്ന കൂടെ നേന്ത്രക്കായയുമുണ്ടാകും. ആകെക്കൂടി വിലക്കയറ്റം ദൃശ്യമാകാത്തത് അരിയുടെ വിലയില്‍ മാത്രമാണ്.
തേനി, മൈസൂര്‍, കോയമ്പത്തൂര്‍ മാര്‍ക്കറ്റുകളാണ് കേരളത്തിലെ പച്ചക്കറി വില നിശ്ചയിക്കുന്നത്. ഇക്കുറി തോരാതെ പെയ്യുന്ന മഴയുടെ കെടുതികള്‍ കേരളം പോലെ തന്നെ തമിഴ്‌നാടും കര്‍ണാടകവുമൊക്കെ അനുഭവിക്കുകയാണ്. അതു തന്നെയാണ് ഓണത്തിനും വളരെ മുമ്പു തന്നെ പച്ചക്കറിവില ഉയരുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കിലോയ്ക്ക് പത്തു രൂപ മുതല്‍ നാല്‍പതു രൂപവരെയാണ് അയല്‍ സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റുകളില്‍ പോലും വില ഉയര്‍ന്നിരിക്കുന്നത്.