കണ്ണൂര്‍: കേവലം നാമമാത്രമായ രണ്ടു രൂപ മാത്രം ഫീസ് ഈടാക്കി രോഗികളെ ചികിത്സിച്ചുവന്ന കണ്ണൂരിന്റെ ജനകീയ ഡോക്ടര്‍ രൈരു ഗോപാലന്‍ നിര്യാതനായി. അദ്ദേഹത്തിന് എണ്‍പതു വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ ഉറപ്പുള്ള അത്താണിയായി കരുതപ്പെട്ടിരുന്ന രൈരു ഗോപാലനെ രണ്ടു രൂപ ഡോക്ടര്‍ എന്ന സ്‌നേഹനാമത്തിലാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. ഡോ. എ ജി നമ്പ്യാരുടെയും എ കെ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്.
മരണം വരെയുള്ള അദ്ദേഹത്തില്‍ വൈദ്യശാസ്ത്ര കരിയറില്‍ പതിനെട്ടു ലക്ഷത്തിലധികം രോഗികള്‍ക്ക് വൈദ്യസഹായം എത്തിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. രോഗികളുടെ സൗകര്യത്തിനു ഡോക്ടര്‍ ലഭ്യമായിരിക്കണം എന്ന പ്രമാണത്തില്‍ വിശ്വസിച്ചിരുന്ന ഡോക്ടര്‍ പുലര്‍ച്ചെ മൂന്നുമുതലുള്ള സമയമാണ് രോഗികള്‍ക്കായി നീക്കി വച്ചിരുന്നത്. മറ്റൊരു ഡോക്ടറും ചെയ്യാത്ത രീതിയില്‍ ആതുരസേവനം ലഭ്യമാക്കിയതിന്റെ പേരില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാനത്തെ മികച്ച കുടുംബഡോക്ടര്‍ക്കുള്ള പുരസ്‌കാരം നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്.
ഡോ. രൈരു ഗോപാലന്റെ സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്തു നടക്കും. പി ഓ ശകുന്തളയാണ് ഭാര്യ. ഡോ. ബാലഗോപാല്‍, വിദ്യ എന്നിവര്‍ മക്കളും ഡോ. തുഷാര, ഭാരത് മോഹന്‍ എന്നിവര്‍ മരുമക്കളുമാണ്.
രണ്ടു രൂപ ഡോക്ടര്‍ രൈരു ഗോപാലന്‍ ഓര്‍മയായി
