വരുന്നൂ, ഓണക്കാലത്ത് രണ്ടായിരം കര്‍ഷക ചന്തകള്‍

തിരുവനന്തപുരം: തിരുവോണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ടായിരം കര്‍ഷക ചന്തകള്‍ സെപ്റ്റംബര്‍ ഒന്നിനു തുറക്കുമെന്ന് സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. സെപ്റ്റംബര്‍ നാലുവരെ ഇവ പ്രവര്‍ത്തിക്കുന്നതാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതാണ് ഇത്തരം ചന്തകളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന കൃഷിവകുപ്പ്, വകുപ്പിന്റെ ഇതര സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ ആഭിമുഖ്യത്തിലായിരിക്കും ചന്തകള്‍ പ്രവര്‍ത്തിക്കുക. ഇവയില്‍ 1086 ചന്തകള്‍ കൃഷിവകുപ്പ് നേരിട്ടു നടത്തുമ്പോള്‍ 160 എണ്ണം വിഎഫ്പിസികെയും 764 എണ്ണം ഹോര്‍ട്ടികോര്‍പ്പും പ്രവര്‍ത്തിപ്പിക്കും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളില്‍ ഇക്കൊല്ലം ചന്തകളുണ്ടാകും. കഴിഞ്ഞ വര്‍ഷം വിജയകരമായി 1956 ചന്തകള്‍ നടത്തിയതിന്റെ അനുഭവത്തില്‍ കൂടിയാണ് ഇക്കൊല്ലം ചന്തകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇത്തരം ചന്തകളില്‍ വില്‍ക്കുന്നതിനുള്ള ഫാംഫ്രഷ് ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നു വിപണി വിലയെക്കാള്‍ പത്തു ശതമാനം കൂട്ടിയായിരിക്കും സംഭരിക്കുന്നത്. എന്നാല്‍ വിപണി വിലയെക്കാള്‍ മുപ്പതു ശതമാനം കുറവിലായിരിക്കും ഇവ ഉപഭോക്താക്കള്‍ക്കു വില്‍ക്കുന്നത്. ജൈവരീതിയിലോ ദോഷകരമല്ലാത്ത കൃഷി സമ്പ്രദായങ്ങള്‍ (Good Agricultural Practices-GAP) ഉപയോഗിച്ചോ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ക്ക് വിപണി വിലയെക്കാള്‍ ഇരുപതു ശതമാനം അധികമായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇവ പൊതുവിപണിയിലെ വിലയെക്കാള്‍ പത്തു ശതമാനം കുറച്ചായിരിക്കും വിറ്റഴിക്കുക.
ഉപഭോക്താക്കള്‍ക്ക് വീട്ടിലേക്കാവശ്യമായതും സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കാത്തതുമായ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും ശേഖരിക്കുക. ഉരുളക്കിഴങ്ങ്, സവാള, ഉള്ളി മുതലായ ഇത്തരം വിഭവങ്ങള്‍ ശേഖരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് നടത്തിക്കഴിഞ്ഞിട്ടുണ്ട്.