ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരെ കേന്ദ്ര ഗവണ്‍മെന്റ് ഒഴിവാക്കുന്നു. ചര്‍ച്ചകള്‍ക്കായി അബുബക്കര്‍ മുസലിയാരുടെ പ്രതിനിധിയെ അയയ്ക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ നിവേദനമാണ് തള്ളപ്പെട്ടത്. ആറംഗ മധ്യസ്ഥ സംഘത്തെ അയയ്ക്കണമെന്നായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഏതു തരത്തിലുള്ള ചര്‍ച്ചകളും നടക്കേണ്ടത് കൊല്ലപ്പെട്ടയാളുടെയും ശിക്ഷിക്കപ്പെട്ടയാളുടെയും കുടുംബങ്ങള്‍ സംബന്ധിച്ചാണെന്ന വാദമുയര്‍ത്തിയാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഇതിനിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കാന്തപുരത്തിന്റെ ഓഫീസില്‍ നിന്നു വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ യെമന്‍ അധികൃതരുടെ വിശ്വാസയോഗ്യമായ സ്ഥിരീകരണമൊന്നും വന്നിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതേ സമയം അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ പുറത്തു വിട്ടതിന്റെ പേരില്‍ കാന്തപുരം മാപ്പു പറയണമെന്ന് ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ. ഐ. പോള്‍ ആവശ്യപ്പെട്ടു.
നിമിഷപ്രിയ കേസ്, കാന്തപുരത്തിനെതിരേ കേന്ദ്രം
