കന്യാസ്ത്രീകള്‍ക്ക് ജാമ്യം, ഒമ്പതാം നാള്‍ ജയിലിനു പുറത്തേക്ക്

ആള്‍ക്കൂട്ട വിചാരണയ്ക്കും അന്യായമെന്ന് ആരോപിക്കപ്പെടുന്ന ജയില്‍ വാസത്തിനും ഇരയായി തീര്‍ന്ന ഛത്തീസ്ഗഡിലെ കന്യാസ്ത്രീമാരായ സിസ്റ്റര്‍ പ്രീതി മേരിക്കും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും അവസാനം ജാമ്യം ലഭിച്ചു. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ ഗുരുതര കുറ്റങ്ങളായിരുന്നു ഇരുവര്‍ക്കുമെതിരേ ചുമത്തിയിരുന്നത്. കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ദുര്‍ഗിലെ കോടതിയില്‍ ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് പുറത്തിറങ്ങാനാവും. ബിലാസ്പൂരില്‍ നിന്ന് ഇരുനൂറിലധികം കിലോമീറ്റര്‍ അകലെയാണ് കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ദുര്‍ഗിലെ ജയില്‍.
സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ട മൂന്നു പെണ്‍കുട്ടികളുമായി ദുര്‍ഗിലെ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു വച്ചതും ആള്‍ക്കൂട്ട വിചാരണ നടത്തിയതും. പോലീസിന്റെ സാന്നിധ്യത്തിലെ വിചാരണയ്ക്കും കൈയേറ്റത്തിനുമൊടുവില്‍ പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടയ്ക്കുകയായിരുന്നു. വിചാരണ കോടതിയും സെഷന്‍സ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തിലാണ് ജാമ്യത്തിനായി എന്‍ഐഎ കോടതിയെ സമീപിക്കേണ്ടതായി വന്നത്. മനുഷ്യക്കടത്ത് എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ വരുന്ന കാര്യമാണെന്ന പേരിലാണ് ഇരു കോടതികളും ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്.
കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്. അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി. ഇരുവരുടെയും ജയില്‍ വാസത്തിനെതിരേ കേരളത്തിലും പാര്‍ലമെന്റിലും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.