കടുത്ത എതിര്‍പ്പിനിടെ ബീഹാറില്‍ കരടു വോട്ടര്‍ പട്ടിക പുറത്തിറക്കി

ന്യൂഡല്‍ഹി: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച് പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പാര്‍ലമെന്റിലും പുറത്തും നിലനിര്‍ത്തവെ കേന്ദ്ര തിരഞ്ഞെടുുപ്പ് കമ്മീഷന്‍ ബീഹാറിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പഴയ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന 65 ലക്ഷത്തോളം വോട്ടര്‍മാര്‍ കരട് പട്ടികയില്‍ നിന്നു പുറത്തായിട്ടുണ്ട്. 7.89 കോടി വോട്ടര്‍മാരായിരുന്നു നേരത്തെ പട്ടികയിലുണ്ടായിരുന്നതെങ്കില്‍ അവരുടെ എണ്ണം ഇപ്പോള്‍ 7.24 ആയി ചുരുങ്ങി. ഓരോ മണ്ഡലത്തിലെയും ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഓ) മുഴുവന്‍ വീടുകളും സന്ദര്‍ശിച്ചാണ് പുതിയ പട്ടിക തയാറാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടു. 2003 ലെ പട്ടികയാണിപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.
പഴയ പട്ടികയിലുണ്ടായിരുന്ന 22 ലക്ഷം വോട്ടര്‍മാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും 36 ലക്ഷം വോട്ടര്‍മാര്‍ സ്ഥിരതാമസ സ്ഥലം മാറ്റിയെന്നും ഏഴു ലക്ഷം വോട്ടര്‍മാര്‍ മറ്റിടങ്ങളില്‍ വോട്ടുള്ളവരാണെന്നുമാണ് കമ്മീഷന്റെ അവകാശവാദം. യോഗ്യരായ വോട്ടര്‍മാര്‍ ആരുടെയെങ്കിലും പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അടുത്തമാസം ഒന്നാം തീയതി വരെ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
അതേസമയം സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തില്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ കക്ഷികള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കു കത്തു നല്‍കി. പാര്‍ലമെന്റിന്റെ ഈ സെഷന്‍ ആരംഭിച്ചതു മുതല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പാണുയര്‍ത്തിക്കൊണ്ടിരിക്കുന്നത.്