പരോള്‍ റദ്ദാക്കി, കൊടി സുനിയെ വീണ്ടും അകത്താക്കി

കണ്ണൂര്‍: പോലീസുകാരെ നോക്കുകുത്തിയാക്കി ടിപി വധക്കേസ് പ്രതികളുടെ മദ്യസേവയുടെ പിന്നാലെ പ്രതികളിലൊരാളായ കൊടി സുനിയുടെ പരോള്‍ റദ്ദായി. പരോളിന്റെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി റിപ്പോര്‍ട്ട് കിട്ടിയതോടെ സുനി വീണ്ടും അഴികള്‍ക്കുള്ളിലായി.
കൊടി സുനി ഉള്‍പ്പെടെ ടിപി വധക്കേസിലെ പ്രതികളായ മുഹമ്മദ് റാഫി, ഷിനോജ് എന്നിവര്‍ ജൂലൈ 17ന് പോലീസുകാരുടെ സാന്നിധ്യത്തില്‍ മദ്യപിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അന്ന് ഇവര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന എആര്‍ ക്യാമ്പിലെ സിവിള്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുള്ള പ്രതികളെ ഒരു കേസിന്റെ ആവശ്യത്തിനായി തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു മദ്യസേവ. ഇവരും പോലീസുകാരും കോടതിക്കു സമീപത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ പ്രതികളുടെ സുഹൃത്തുക്കള്‍ മദ്യവുമായി ഹോട്ടലിലെത്തുകയായിരുന്നു. ഇവര്‍ക്ക് മദ്യം കഴിക്കാന്‍ പോലീസുകാര്‍ തന്നെ അവസരമൊരുക്കുകയും ചെയ്തു. ഈ സംഭവം പുറത്തു വന്നതോടെയാണ് ആദ്യപടിയായി പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാകുന്നത്.
പരോള്‍ കാലത്ത് സുനി വയനാട് ജില്ലയിലെ മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നേരിട്ടു ഹാജരായി ഒപ്പു വയ്ക്കണമെന്നായിരുന്നു പരോള്‍ വ്യവസ്ഥകളിലൊന്ന്. എന്നാല്‍ സുനി ഒപ്പു വയ്ക്കാന്‍ വരുന്നില്ലെന്നും അതിനാല്‍ പരോള്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായും മീനങ്ങാടി സിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്. പതിനഞ്ചു ദിവസത്തെ പരോളാണ് സുനിക്ക് അനുവദിക്കപ്പെട്ടിരുന്നത്. നേരത്തെ സുനി ജയിലിനുള്ളില്‍ സ്ഥിരമായി ഫോണ്‍ ഉപയോഗിക്കുന്നതും വിവാദമായിരുന്നതാണ്.