തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ഡിഗ്രികള്‍ക്ക് കേരള സര്‍വകലാശാലയിലെ അയിത്തം നീങ്ങുന്നു. ഓപ്പണ്‍ സര്‍വകലാശാലയുടെ കോഴ്സുകള്‍ക്ക് തുല്യത അനുവദിക്കാന്‍ കേരള സര്‍വകലാശാലയുടെ ഡീന്‍സ് കൗണ്‍സില്‍ തീരുമാനിച്ചു. കേരള സര്‍വകലാശാലയിലെ ഉപരിപഠനങ്ങള്‍ക്ക് ഇനി ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ പഠിച്ചിറങ്ങുന്നവര്‍ക്കും ഇനി തുല്യ നിലയില്‍ അവസരം ലഭിക്കും.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത ഡീന്‍സ് കൗണ്‍സിലാണ് ഈ തീരുമാനമെടുത്തത്. ഓപ്പണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം നിഷേധിക്കുന്നത് ഏറെ നാളുകളായി നീറിനില്ക്കുന്ന വിഷയമായിരുന്നു. യഥാര്‍ഥത്തില്‍ അക്കാദമിക് കൗണ്‍സിലാണ് ഇത്തരത്തിലുള്ള തീരുമാനമെടുക്കേണ്ടതെങ്കിലും കേരളയില്‍ വിസിയും സിന്‍ഡിക്കറ്റും തമ്മിലുള്ള തര്‍ക്കം അവസാനമാകാതെ തുടരുന്ന സാഹചര്യത്തില്‍ വൈസ് ചാന്‍സലറുടെ പ്രത്യേക അധികാരമുപയോഗിച്ച് വിസി ഡീന്‍സ് കൗണ്‍സിലിന്റെ അടിയന്തരയോഗം വിളിക്കുകയായിരുന്നു. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനും യോഗത്തില്‍ പങ്കെടുത്തു.
ഓപ്പണ്‍ സര്‍വകലാശാലകള്‍ക്ക് യുജിസി അംഗീകാരമുണ്ടെങ്കില്‍ അവര്‍ നല്കുന്ന ബിരുദങ്ങള്‍ ഇതര സര്‍വകലാശാലകള്‍ അംഗീകരിക്കണമെന്നാണ് ഇതു സംബന്ധിച്ച് നിലവിലുള്ള ചട്ടം. എന്നിരിക്കെയാണ് കേരളയില്‍ വേര്‍തിരിവ് നിലനിന്നിരുന്നത്. വിദ്യാര്‍ഥികള്‍ ഇതുമൂലം നേരിടുന്ന പ്രശ്നങ്ങള്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. വി. പി. ജഗതിരാജും സിന്‍ഡിക്കറ്റ് അംഗങ്ങളും കേരള വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ‘അയിത്തം’ മാറുന്നു
