അവധിക്കു ശേഷം സൗദി അറേബ്യയിലേക്ക് തിരികെ പറക്കാന്‍ തയാറെടുക്കുന്നതിനിടെ മാരക ലഹരിയുടെ കെണിയില്‍ നിന്നു രക്ഷപെട്ട സന്തോഷത്തിലാണ് കണ്ണൂരിലെ യുവാവ്.
കണ്ണൂര്‍ ചക്കരക്കല്ല് ഇരിവേണി കണയന്നൂര്‍ സ്വദേശിയായ യുവാവാണ് അയല്‍വാസികളുടെ ചതിയില്‍ നിന്ന് അവസാന നിമിഷം രക്ഷപെട്ടത്. സൗദിയിലെ തന്റെ സുഹൃത്തിനു കൈമാറണമെന്ന അപേക്ഷയോടെ നാട്ടുകാരന്‍ തന്നെയായ ജിസിന്‍ പ്രവാസിയായ മിഥിലാജിനെ ഒരു കുപ്പി അച്ചാര്‍ ഏല്‍പിക്കുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. വെള്ളിയാഴ്ചയാണ് മിഥിലാജ് അവധികഴിഞ്ഞ് തിരികെ പോകുന്നത്. ഇന്നലെ രാത്രിയാണ് ജിസില്‍ ഒരു കുപ്പി അച്ചാര്‍ മിഥിലാജിനെ ഏല്‍പിക്കുന്നത്. എന്നാല്‍ മിഥിലാജിന്റെ അച്ഛനു തോന്നിയ സംശയമാണ് യുവാവിനെ കെണിയില്‍ നിന്നു രക്ഷിക്കുന്നത്. അച്ചാര്‍ കുപ്പിയുടെ അടപ്പ് സീല്‍ ചെയ്തിരുന്നില്ല. എന്താണിങ്ങനെയെന്ന സംശയത്തില്‍ കുപ്പിയിലെ അച്ചാര്‍ മുഴുവന്‍ മറ്റൊരു പാത്രത്തിലേക്കു പകര്‍ന്നപ്പോള്‍ അതിനുള്ളില്‍ നിന്ന് അച്ചാറിനൊപ്പം ലഭിച്ചത് ഓരോ പായ്ക്കറ്റ് എംഡിഎംഎയും ഹഷീഷ് ഓയിലുമാണ്. ഉടന്‍ തന്നെ വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തുകയും ചക്കരക്കല്ല് സ്വദേശികള്‍ തന്നെയായ കെ. പി. അര്‍ഷാദ്, കെ. കെ. ശ്രീലാല്‍, പി. ജിസിന്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അച്ചാറില്‍ കെണി, യുവാവിനു തലനാരിഴയ്ക്ക് രക്ഷ
