മദ്യക്കുപ്പികള്‍ ചില്ലുകാലത്തിലേക്ക്; പ്ലാസ്റ്റിക്കിനു വിട

തിരുവനന്തപുരം: ഗോവയ്ക്കു പിന്നാലെ കേരളത്തിലും പ്ലാസ്റ്റിക്കിനോടു വിടചൊല്ലാന്‍ മദ്യമേഖല തയാറെടുക്കുന്നു. എണ്ണൂറു രൂപയ്ക്കു മുകളിലുള്ള മദ്യം പ്ലാസ്റ്റിക്ക് കുപ്പികള്‍ക്കു പകരം ചില്ലു കുപ്പികളില്‍ തന്നെ ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ മദ്യ കമ്പനികളോടു സര്‍ക്കാര്‍ നിര്‍ദേശിക്കുമെന്ന് സംസ്ഥാന എക്‌സൈസ് മന്ത്രി എം. ബി. രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗോവ ഇതേ ദിശയില്‍ അടുത്തയിടെ നയം മാറ്റം വരുത്തിയിരുന്നു. ഗോവയില്‍ ഒരിനം എല്ലായിനം മദ്യവും ചില്ലു കുപ്പികളില്‍ തന്നെ നല്‍കണമെന്നാണ് നിര്‍ദേശിക്കപ്പെട്ടത്. അഥവാ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വാങ്ങുകയാണെങ്കില്‍ ഉപഭോക്താക്കള്‍ ഇരുപതു രൂപ വീതം ഡെപ്പോസിറ്റായി അധികം നല്‍കണം. കേരളത്തിലും ഇതേ രീതിയില്‍ ഡെപ്പോസിറ്റ് വാങ്ങുന്നതിനു തീരുമാനിച്ചിട്ടുണ്ട്. പ്രതിവര്‍ഷം എഴുപതു കോടി കുപ്പി മദ്യമാണ് സംസ്ഥാനത്തു വിറ്റഴിയുന്നത്. ഇതില്‍ മഹാഭൂരിപക്ഷവും പ്ലാസ്റ്റിക് കുപ്പികളിലാണ് വില്‍പനയ്‌ക്കെത്തിക്കുന്നത്. ഇത്രയും പ്ലാസ്റ്റിക് പരിസ്ഥിതിക്കേല്‍പിക്കുന്ന ആഘാതം കുറയ്ക്കുകയെന്ന നിലപാടാണ് പുതിയ തീരുമാനത്തിനു പിന്നിലുള്ളത്.
എക്സ്റ്റന്‍ഡഡ് റെസ്‌പോണ്‍സിബിലിറ്റി നയത്തിന്റെ ഭാഗമായി മദ്യക്കുപ്പികള്‍ തിരികെ കമ്പനികള്‍ക്കു കൈമാറാനാവുന്ന വിധത്തില്‍ ഉപഭോക്താക്കളില്‍ തിരികെ ശേഖരിക്കുക എന്നതാണ് ഡെപ്പോസിറ്റ് വാങ്ങുന്നതിന്റെ ലക്ഷ്യം. ഉപഭോക്താവ് മദ്യശാലയില്‍ കുപ്പി തിരികെ ഏല്‍പിക്കുമ്പോള്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കുന്നതാണ്. എന്നാല്‍ ഏത് ഔട്ട്‌ലെറ്റില്‍ നിന്നാണോ മദ്യം വാങ്ങിയത് അതേ ഔട്ടലെറ്റില്‍ തന്നെ കുപ്പികള്‍ തിരികെ ഏല്‍പിക്കണമെന്നു മാത്രം. ക്ലീന്‍ കേരള കമ്പനിയുടെ കൂടെ സഹകരണത്തോടെയായിരിക്കും തിരികെയെത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കൈകാര്യം ചെയ്യുക. സ്റ്റിക്കര്‍ പൊളിച്ചു മാറ്റാതെ തിരികെയെത്തിക്കുന്ന കുപ്പികള്‍ മാത്രമായിരിക്കും ഔട്ട്‌ലെറ്റുകളില്‍ തിരികെയെടുക്കുക.