നിമിഷപ്രിയ കേസ്: ആശങ്ക അവസാനിക്കുന്നില്ല

യമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തലസ്ഥാനമായ സനായിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തില്‍ തുടരുന്നു. സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ കെ. ആര്‍. സുഭാഷ് ചന്ദ്രന്‍ ഫയല്‍ ചെയ്ത ഹര്‍ജി ഇന്നു കോടതി പരിഗണിച്ചപ്പോള്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഗവണ്‍മെന്റിനു വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയും നിമിഷ മരിക്കുകയാണെങ്കില്‍ ഏറെ ദുഖകരമാണെന്നു സുപ്രീം കോടതിയും പറഞ്ഞതിനപ്പുറം ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും ഉയര്‍ന്നതേയില്ല. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഇനി പരിഗണിക്കുന്നത് വെള്ളിയാഴ്ച. എന്നാല്‍ മറ്റന്നാള്‍ ബുധനാഴ്ച നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
ദയാധനം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികളെ സമീപിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളാണ് കേന്ദ്ര ഗവണ്‍മെന്റ് നിരത്തിയത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ സഹോദരന്‍ ഇതുവരെ ദയാധനം വാങ്ങാന്‍ തയാറായിട്ടില്ല. കുടുംബത്തിന്റെ അഭിമാനപ്രശ്‌നമായാണ് സഹോദരന്‍ ഈ വിഷയത്തെ കാണുന്നതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. യമന്‍ ഭരണകൂടത്തില്‍ സ്വാധീനമുള്ള ഒരു ഷെയ്ക്കിന്റെ സഹായം തേടിയതായും ശിക്ഷാനടപടി ഒഴിവാക്കുന്നതിന് ഇടപെടണമെന്ന് യമനിലെ പബ്ലിക് പ്രോസിക്യൂട്ടറോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2017 ജൂലൈയില്‍ യമന്‍ പൗരനായ മഹദി കൊല്ലപ്പെട്ട കേസിലാണ് നിമിഷയ്ക്കു വധശിക്ഷ വിധിക്കപ്പെട്ടത്. ആഭ്യന്തരയുദ്ധം നടക്കുന്ന യമനില്‍ തലസ്ഥാനമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. അയല്‍ രാജ്യമായ ജിബൂട്ടിയിലാണ് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നത്.
പാലക്കാട് സ്വദേശിയായ നിമിഷയും ഭര്‍ത്താവ് തൊടുപുഴ സ്വദേശിയായ ടോമിയും യമനിലായിരുന്നു. പിന്നീട് ടോമി സ്വദേശത്തേക്ക് തരിച്ചു പോന്നു. യമന്‍ പൗരനായ മഹദിയുമായി പങ്കാളിത്ത വ്യവസ്ഥയില്‍ ക്ലിനിക് തുടങ്ങുന്നതിനായി നിമിഷ യമനില്‍ തന്നെ തുടരുകയായിരുന്നു. ഇതിനായി നിമിഷയുടെ സ്മ്പാദ്യമെല്ലാം മഹദി സ്വന്തമാക്കുകയും ചെയ്തു. നിമിഷ ഭാര്യയാണെന്നാണ് മഹദി എല്ലാവരെയും ധരിപ്പിച്ചിരുന്നത്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുകയും ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തില്‍ സ്വയം പ്രതിരോധിച്ചപ്പോഴാണ് മഹദി മരിച്ചതെന്ന് നിമിഷ കോടതിയില്‍ പറഞ്ഞ മൊഴിയില്‍ വെളിപ്പെടുത്തിയിരുന്നു.
ദയാധനത്തിനായി നല്‍കുന്നതിനുള്ള പണം ഒരു വിഷയമല്ലെന്ന് നിമിഷപ്രിയയ്ക്കായി കോടതിയെ സമീപിച്ച ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. എത്ര പണം വേണമെങ്കിലും നിമിഷയുടെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ സ്വരൂപിക്കുമെന്ന് സുപ്രീംകോടതിയില്‍ ആക്ഷന്‍ കൗണ്‍സിലിനായി ഹാജരായ അഭിഭാഷകര്‍ അറിയിച്ചു.