ഇഷ്ടഭവനം സ്വന്തമാക്കാന്‍ സിഡ്നി ദമ്പതികള്‍ സ്വന്തം ലേലത്തുക കയറ്റിപ്പിടിച്ചത് മൂന്നിരട്ടിയിലേക്ക്. ഇന്നു രാവിലെ നടന്ന ലേലത്തിന്റെ വിശദവിവരങ്ങള്‍ പുറത്തു വരുമ്പോഴാണ് അതിശയകരമായ ഈ ലേലംകൊള്ളലിന്റെ പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍ വാര്‍ത്തയിലെത്തുന്നത്. ദമ്പതികളുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ലെങ്കിലും 29.05 ലക്ഷം ഡോളറിനാണ് വാഹ്റൂംഗയിലെ ട്യൂഡര്‍ ശൈലിയിലുള്ള ‘പ്രശസ്ത’ ഭവനം ഇവര്‍ സ്വന്തമാക്കിയതെന്ന കണക്കുകള്‍ വെളിവായിരിക്കുന്നു.
ആറു ബെഡ്റൂമുകളോടെ 86 കിംഗ്സ് റോഡിലുള്ള ഭവനം വാസ്തുശില്പ സൗന്ദര്യത്തിലായിരുന്നു ആരുടെയും മനം കവര്‍ന്നിരുന്നത്. ഇതിന്റെ പ്രാരംഭവിലയായി ലേല ഏജന്‍സി നിശ്ചയിച്ചിരുന്നത് 27 ലക്ഷം ഡോളറായിരുന്നു. എന്നാല്‍ ലേലം കൊള്ളുന്നതിന് ഈ ദമ്പതിമാര്‍ മാത്രമായിരുന്നു എത്തിയിരുന്നത്. അതിനാല്‍ ലേല നടപടിക്രമങ്ങള്‍ക്കു പകരം ഒത്തുതീര്‍പ്പ് ശ്രമങ്ങളിലേക്ക് ലേല ഏജന്‍സി നീങ്ങുകയായിരുന്നു. ദമ്പതിമാര്‍ തുടക്കത്തില്‍ വിളിച്ച തുക എത്രയായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടിലെങ്കിലും അതിനെക്കാള്‍ മൂന്നിരട്ടി തുകയ്ക്കാണ് അവസാനം ലേലം ഉറപ്പിക്കുന്നത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ആദ്യം 28.7 ലക്ഷം ഡോളറിലേക്കും പിന്നീട് 29 ലക്ഷം ഡോളറിലേക്കും വില ഉയര്‍ത്തുന്നതിന് ഇവര്‍ സമ്മതം മൂളി. അവസാനം മൂന്നാംവട്ട ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കൊടുവിലാണ് 29.05 ലക്ഷം ഡോളറിന് കച്ചവടം ഉറപ്പിക്കുന്നത്.
ലേലം കൊണ്ട ദമ്പതിമാര്‍ അപ്പര്‍ നോര്‍ത്ത് ഷോര്‍ സ്വദേശികളാണ്. എന്നാല്‍ വീട് ലേലത്തില്‍ വച്ച നിലവിലെ ഉടമകള്‍ ഇതു വാങ്ങിയ വിലയെക്കാള്‍ താഴ്ന്ന വിലയ്ക്കാണ് ഇപ്പോള്‍ കച്ചവടത്തിനു വഴങ്ങിക്കൊടുത്തിരിക്കുന്നത്. 2017ല്‍ രേഖകള്‍ പ്രകാരം തന്നെ 22.01 ലക്ഷം ഡോളറിനാണ് ഇവര്‍ വീട് സ്വന്തമാക്കിയത്. ആ മുതല്‍മുടക്കിന് ആനുപാതികമായ വര്‍ധന ലേലത്തിലൂടെ കൈവന്നിട്ടില്ല എന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇംഗ്ലണ്ടിലെ ട്യൂഡര്‍ കാലഘട്ടത്തിലെ വാസ്തുശില്പ മാതൃകയാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്. കുത്തനെ ചെരിഞ്ഞ മുഖപ്പുകളോടു കൂടിയ മേല്‍ക്കൂരയും തടികൊണ്ടു മാത്രമുള്ള പാനലിംഗുമൊക്കെയാണ് ഈ വീടിന്റെ ആകര്‍ഷണം. ഇതുവഴി കടന്നു പോകുന്നവരെല്ലാം അതിശയത്തോടുകൂടിയാണ് ഈ വീടിനെ നോക്കിപ്പോയിരുന്നതെന്ന് വീട് ലേലത്തിനു വച്ച ടിം ലാതന് പറയുന്നു. എന്തു തന്നെയായാലും ട്യൂഡര്‍ മാതൃകയിലുള്ള വീടുകള്‍ സിഡ്നിയില്‍ മാത്രമല്ല, ഓസ്ട്രേലിയയില്‍ തന്നെ വളരെ അപൂര്‍വമാണ്.
പഴമയുടെ പ്രൗഢിക്ക് സിഡ്നി ദമ്പതികള്‍ മുടക്കിയത് മൂന്നിരട്ടി
