പുല്‍വാമയില്‍ 2019ല്‍ നാല്പത് ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ ഭീകരര്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് രാജ്യാന്തര ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് കണ്ടെത്തി. 2022ല്‍ ഗോരഖ്പൂര്‍ ക്ഷേത്ര ആക്രമണത്തിനും സ്ഫോടക വസ്തുക്കള്‍ എത്തിയത് ഓണ്‍ലൈന്‍ വഴിയാണെന്ന് ടാസ്ക് ഫോഴ്സ് വെളിപ്പെടുത്തി.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് രാജ്യാന്തര തലത്തില്‍ അന്വേഷണം ഏകോപിപ്പിക്കുന്നതിനായി ജി7 രാജ്യങ്ങള്‍ 1989ല്‍ കൂട്ടായി രൂപീകരിച്ച ഏജന്‍സിയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്. ഭീകര സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും പേമെന്റ് ഗേറ്റ് വേകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പുല്‍വാമ ആക്രമണത്തിനുള്ള സ്ഫോടകവസ്തുക്കള്‍ തയ്യാറാക്കുന്നതിനുള്ള പ്രധാന അസംസ്കൃത വസ്തുവായ അലൂമിനിയം പൗഡറാണ് ഇത്തരത്തില്‍ ഓണ്‍ലൈനില്‍ ഭീകര സംഘടനകള്‍ ശേഖരിച്ചത്. ഈ ആക്രമണത്തിലൂടെ 40 സിആര്‍പിഎഫ് ഭടന്മാര്ക്കാണ് ജീവാപായം നേരിട്ടത്. ഇതേതുടര്‍ന്ന് വിദേശികള്‍ ഉള്‍പ്പെടെ 19 പേര് അറസ്റ്റിലാകുകയും വാഹനങ്ങള്‍, ഒളിത്താവളങ്ങള്‍ എന്നിവ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

