മന്ത്രിയുടെ വാക്ക് പാഴായി, കെഎസ്ആര്‍ടിസി ഓടിയില്ല

ഗതാഗത മന്ത്രിയുടെ വാക്കു വിശ്വസിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രചെയ്യാനെത്തിയവര്‍ നിരാശരായി. ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയതേയില്ല. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്താനാപുരത്താണെങ്കില്‍ ഒരു ബസു പോലും സര്‍വീസ് നടത്തിയതേയില്ല. മന്ത്രിയുടെ വാക്കിനു പുല്ലുവിലയാണ് ജീവനക്കാര്‍ സ്വന്തം മണ്ഡലത്തില്‍ പോലും നല്‍കിയത്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് മന്ത്രി പറഞ്ഞപ്പോള്‍ തന്നെ തൊഴിലാളി സംഘടനകള്‍ അക്കാര്യം നിഷേധിച്ച് പത്രക്കുറിപ്പിറക്കിയിരുന്നതാണ്. തൊഴിലാളികളുടെ നിലപാട് തന്നെയാണ് ഒടുവില്‍ വിജയിച്ചത്.പത്താനപുരം ഡിപ്പോയില്‍ നിന്ന് മൂന്നു ബസുകള്‍ രാവിലെ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും സമരാനുകൂലികള്‍ തടയുകയാണുണ്ടായത്. ഇത് ജീവനക്കാര്‍ തമ്മില്‍ നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയെങ്കിലും പോലീസ് സ്ഥലത്തെത്തി സംഘര്‍ഷം ഒഴിവാക്കി.
കൊല്ലത്ത് സര്‍വീസ് നടത്താന്‍ തയ്യാറായി എത്തിയ കണ്ടക്ടറെ സമരാനുകൂലികള്‍ ബസിനുള്ളില്‍ കടന്ന് അസഭ്യം പറഞ്ഞതായും ദേഹോപദ്രവം ഏല്‍പിച്ചതായും പരാതിയുണ്ട്. കൊല്ലം ഡിപ്പോയില്‍ ഓട്ടം പോകുന്നതിനു തയാറായി സ്റ്റാന്‍ഡില്‍ പിടിച്ച മൂന്നാര്‍, എറണാകുളം അമൃത എന്നീ ബസുകള്‍ സമരാനുകൂലികള്‍ തടയുകയും അവയില്‍ കൊടി കെട്ടുകയും ചെയ്തു. കൊട്ടാരക്കര, മലപ്പുറം ഡിപ്പോകളിലും സമരാനുകൂലികള്‍ ബസ് തടയുകയുണ്ടായി.