പോപ്പ് ലിയോയ്ക്ക് ഇന്ന് 70-ാം പിറന്നാള്‍, പോര്‍ട്ടില്ലോ കേക്ക് ആകെ ആഡംബരം

വത്തിക്കാന്‍: ഇന്ന്, സെപ്റ്റംബര്‍ പതിനാലിന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ എഴുപതാം പിറന്നാള്‍. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ഉയര്‍ന്നതിനു ശേഷമുള്ള ആദ്യ പിറന്നാള്‍ എന്ന സവിശേഷതയും ഇതിനുണ്ട്. എന്നാല്‍ ഏറ്റവും ലളിതമായി മാത്രം പിറന്നാളുകള്‍ ആഘോഷിക്കുന്നതാണ് പെറുവിലെ മിഷനറി കാലം മുതല്‍ പോപ്പ് ലിയോയുടെ രീതി. ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ല. ചോക്കലേറ്റ് കേക്കുകളോട് ചെറുതായെങ്കിലും കൂടുതല്‍ മമതയുള്ളതിനാല്‍ ഇത്തവണയും ഒരു ചോക്കലേറ്റ് കേക്ക് മുറിക്കുന്നുണ്ട്. തീര്‍ന്നു ആഘോഷങ്ങള്‍.
ഇത്തവണത്തെ ചോക്കലേറ്റ് കേക്കിനു മാത്രമുണ്ട് ഒരു പ്രത്യേകത. അമേരിക്കയിലെ ചിക്കാഗോ സംസ്ഥാനത്തു നിന്നുള്ളയാള്‍ എന്ന നിലയ്ക്ക് ചിക്കാഗോയിലെ പോര്‍ട്ടില്ലോ എന്ന ബേക്കറി ശൃംഘലയുടെ ആരാധാകനാണ് പോപ്പും. ഇതറിയാവുന്നതിനാല്‍ വത്തിക്കാനിലെ അമേരിക്കന്‍ അംബാസിഡറും ചിക്കാഗോ സ്വദേശിയുമായ ബ്രയാന്‍ ബുര്‍ച്ച് വത്തിക്കാനിലെത്തിയിരിക്കുന്നത് പോര്‍ട്ടില്ലോയുടെ അതിപ്രശസ്തമായ ചോക്കലേറ്റ് കേക്കുമായാണ്. അമേരിക്ക മുഴുവന്‍ മധുരപലഹാരങ്ങള്‍ എത്തിക്കുന്നതിനു പോര്‍ട്ടില്ലോയ്ക്കു സൗകര്യമുണ്ടെങ്കിലും രാജ്യത്തിനു പുറത്തേക്ക് അയയ്ക്കുന്ന പതിവില്ല. അതിനാല്‍ അംബാസിഡര്‍ തന്നെ ഒരു പോര്‍ട്ടില്ലോ കേക്ക് സുരക്ഷിതമായി പായ്ക്ക് ചെയ്ത് വത്തിക്കാനില്‍ ഇന്നലെത്തന്നെ എത്തിക്കുകയാണുണ്ടായത്. അതിന്‍മേല്‍ ഹാപ്പി ബര്‍ത്ത്‌ഡേ ലിയോ XIV എന്ന് ബേക്കറിക്കാര്‍ തന്നെ വളരെ വൃത്തിയായി എഴുതിയിട്ടുമുണ്ട്.
ലിയോ പതിനാലാമന്‍ എന്ന പേരില്‍ പേപ്പല്‍ പദവിയിലേക്ക് ചിക്കാഗോക്കാരുടെ കാര്‍ഡിനല്‍ പ്രെവോസ്ത് അവരോഹിതനായപ്പോള്‍ വളരെ വ്യത്യസ്തമായ രീതിയിലായിരുന്ന പോര്‍ട്ടില്ലോ അക്കാര്യം ആഘോഷിച്ചത്. സ്ഥാനലബ്ധി ആഘോഷിക്കാനായി ഇവര്‍ പുതിയൊരു ഇറ്റാലിയന്‍ ബീഫ് സാന്‍ഡ്‌വിച്ച് പുറത്തിറക്കി, അതിന്റെ പേരോ ‘ദി ലിയോ’. അതിലേറെ രസകരം ഈ വിഭവത്തെ അവര്‍ അവതരിപ്പിച്ച പരസ്യവാചകമായിരുന്നു. ‘ദൈവിക ശുദ്ധിയില്‍ സീസണ്‍ ചെയ്യപ്പെട്ട ഇറ്റാലിയന്‍ സാന്‍ഡ്‌വിച്ച, കൊഴുത്ത ഗ്രേവിയില്‍ സ്‌നാനപ്പെടുത്തിയത്, മൂന്നിനം മുകളുകളുടെ ത്രീത്വം കൊണ്ട് പൂര്‍ത്തീകരിക്കപ്പെട്ടത്’. ഇതില്‍ നിന്നു വ്യക്തമാകുമല്ലോ പോര്‍ട്ടില്ലോയും പോപ്പും തമ്മിലുള്ള ഇരിപ്പുനിരപ്പ്.