ന്യൂഡല്‍ഹി: ഇനിയും തിരിച്ചെത്താനുള്ളത് 5817 കോടി രൂപ മൂല്യമുള്ള രണ്ടായിരം രൂപ നോട്ടുകളെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2023 മെയ് 19ന് ഇന്ത്യയില്‍ രണ്ടായിരം രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്നു പിന്‍വലിക്കുമ്പോള്‍ രാജ്യത്തൊട്ടാകെ 3.56 ലക്ഷം കോടി രൂപയുടെ രണായിരം രൂപ നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ നിരവധി തവണ നോട്ട് മാറിയെടുക്കാന്‍ അവസരം നല്‍കിയിട്ടും 5817 കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയിട്ടേയില്ല. ഇവ ഇനി ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.
നോട്ട് പിന്‍വലിച്ചതിനു തൊട്ടു പിന്നാലെ കൈവശമുള്ള നോട്ടുകള്‍ മാറിയെടുക്കുന്നതിന് വിശാലമായ സൗകര്യവും അവസരവും റിസര്‍വ് ബാങ്ക് ഒരുക്കിയിരുന്നതാണ്. മാറിയെടുക്കേണ്ട നോട്ടുകള്‍ പോസ്റ്റില്‍ അയച്ചുകൊടുക്കുന്നതിനുള്ള സൗകര്യം പോലും ഏര്‍പ്പെടുത്തിയിരുന്നു. അതിനു ശേഷവും രാജ്യത്തൊട്ടാകെയുള്ള പത്തൊമ്പത് ഇഷ്യു ഓഫീസുകള്‍ മുഖേന നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള സൗകര്യവും നല്‍കിയിരുന്നു. എന്നിട്ടും തിരിച്ചെത്താത്ത നോട്ടുകളുടെ ഉപയോഗമാണ് കടുത്ത ശിക്ഷയ്ക്ക് ഇടയാക്കുമെന്ന് ആര്‍ബിഐ മുന്നറിയിപ്പു നല്‍കുന്നത്.

