സുഡാനില്‍ അക്രമ പരമ്പര തുടരുന്നു, അല്‍ ഉബൈദില്‍ ശവസംസ്‌കാര ചടങ്ങിനു നേരെ ആക്രമണം, 40 പേര്‍ കൊല്ലപ്പെട്ടു

ഖാര്‍ത്തൂം: ആഭ്യന്തര യുദ്ധത്തില്‍ ജയം ഉറപ്പാക്കിയിട്ടും സിവിലിയന്‍മാര്‍ക്കു നേരേ കനത്ത ആക്രമണം അഴിച്ചു വിട്ട് വിമതരായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് എന്ന അര്‍ധ സൈനിക വിഭാഗം. സുഡാനീസ് സായുധ സേനയുടെ കൈവശത്തിലിരിക്കുന്ന ചെറിയ സ്വാധീനമേഖലകള്‍ കൂടി പിടിച്ചെടുക്കാനുള്ള ശ്രമത്തിനൊപ്പമാണ് അതിക്രൂരമായ അക്രമങ്ങള്‍ ജനങ്ങള്‍ക്കു നേരേ അഴിച്ചു വിടുന്നത്. അല്‍ ഉബൈദില്‍ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ജനങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ നാല്‍പതു പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. നിലവില്‍ സുഡാനീസ് സായുധ സേനയായ എസ്എഎഫിന്റെ സ്വാധീന മേഖലയായ അല്‍ ഉബൈദ് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇത്രയും ആള്‍ക്കാരെ വകവരുത്തിയത്. കുര്‍ദുഫാന്‍ എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് അല്‍ ഉബൈദ്.

പോരാട്ടം ശക്തമാകുന്നതനുസരിച്ച് കുര്‍ദുഫാന്‍ സംസ്ഥാനത്തെയാകെ സുരക്ഷാ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതിനു മുമ്പ് കുര്‍ദുഫാന്റെ സമീപ നഗരമായ ബാര വിമത സേന പിടിച്ചെടുത്തിരുന്നു. അവിടെ അക്രമങ്ങള്‍ അഴിച്ചു വിട്ടതോടെ ആയിരക്കണക്കിനു ജനങ്ങളാണ് കുര്‍ദുഫാനിലേക്ക് പലായനം ചെയ്തിരുന്നത്. ഇതിനു ചേര്‍ന്നുള്ള നോര്‍ത്ത് ദാഫൂറിലെ അല്‍ ഫാഷിറും വിമത സേനയുടെ നിയന്ത്രണത്തിലായിരുന്നു. സുഡാനില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *