ഫരീദാബാദില്‍ നിന്ന് 350 കിലോഗ്രാം സ്‌ഫോടകവസ്തുവും രണ്ട് എകെ 47 തോക്കും പിടിച്ചു, കാശ്മീരീ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ നിന്നു 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കളും രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്ത് ജമ്മു കശ്മീര്‍ പോലീസ്. ശ്രീനഗറില്‍ ജെയ്ഷ് ഇ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തെ തുടര്‍ന്ന് കശ്മീരില്‍ നിന്നുള്ള ഒരു ഡോക്ടറെ ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ നിന്നു പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്. ഡോ. ആദീല്‍ അഹ്‌മദ് റാത്തര്‍ എന്നാണ് അറസ്റ്റിലായ ഡോക്ടറുടെ പേര്.

ഡോക്ടറുടെ ലോക്കറില്‍ നിന്നാണ് ഒരു എകെ 47 തോക്ക് കണ്ടെടുത്തത്. രണ്ടാമത്തെ തോക്ക് ഫരീദാബാദില്‍ വെടിക്കോപ്പുകള്‍ക്കൊപ്പം നിന്നും ലഭിച്ചു. ഡോ. അദീലില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് മുജാഹില്‍ ഷക്കീല്‍ എന്നു പേരായ മറ്റൊരു ഡോക്ടറിലേക്കു കൂടി അന്വേഷണം നീണ്ടിരിക്കുകയാണ്. ഇവര്‍ ഇരുവരും വലിയൊരു ശൃംഘലയുടെ കണ്ണികളാണ് എന്ന കണക്കുകൂട്ടലിലാണ് പോലീസ് അധികൃതര്‍. ഡോ. ഷക്കീലിന്റെ കസ്റ്റഡിയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ എന്നു പറയുന്നു. തോക്കും വെടിക്കോപ്പുകളും സൂക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍ ഡോ. ഷക്കീലിനൊപ്പം ഫരീദാബാദിലെ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഒരു വനിതാ ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണെന്നു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *