അധികമായാല്‍ അമൃതും വിഷം എന്ന പഴഞ്ചൊല്ല് ഏറ്റവും ശരിയാകുന്നത് അലര്‍ജിയുള്ളവരുടെ കാര്യത്തിലാണ്. നമ്മുടെയൊക്കെ ശരീരത്തിന് രോഗപ്രതിരോധ ശേഷി കൂടിയേ തീരൂ. നമ്മുടെ രാജ്യത്തെ ഒരു ശത്രുരാജ്യം ആക്രമിക്കുമ്പോള്‍ നമ്മുടെ സൈന്യം പ്രതിരോധത്തിനിറങ്ങില്ലേ. ഇത്തരം പ്രവര്‍ത്തനം തന്നെയാണ് നമ്മുടെയൊക്കെ ശരീരത്തിലും നടക്കുന്നത്. ഒരു രോഗാണുവിന്റെ ആക്രമണമുണ്ടാകുമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കും. രോഗാണു സാധാരണഗതിയില്‍ തോറ്റു തുന്നം പാടും. ഇത് ശരീരത്തിന്റെ സ്വാഭാവികമായ ഒരു പ്രവര്‍ത്തനം. എന്നാല്‍ ഈ സ്വാഭാവിക പ്രവര്‍ത്തനം അതിരുവിട്ടാലോ. അധികമായാല്‍ അമൃതും വിഷം എന്ന അവസ്ഥയെത്തും. കാണുന്നതൊക്കെ ശത്രുവാണെന്നു ശരീരത്തിനങ്ങു തോന്നുകയാണ്. നാം വലഞ്ഞതു തന്നെ. അതാണ് അലര്‍ജിയുടെ കാര്യത്തിലും സംഭവിക്കുന്നത്. ശരീരം കണ്ടതിനെയൊക്കെ ശത്രുവായി കണ്ട് പ്രതിരോധിക്കാനിറങ്ങുകയാണ്. ഒരുതരം ഡോണ്‍ക്വിക്‌സോട്ട് സ്വഭാവം. ഓര്‍മയില്ലേ കഥയിലെ ഡോണ്‍ ക്വിക്‌സോട്ട് വിന്‍ഡ്മില്ലിനെയൊക്കെ തൊഴിക്കാനിറങ്ങുന്നത്. അലര്‍ജിയുള്ളവര്‍ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. മറ്റൊന്നിനുമല്ല, ശരീരത്തിന് ഓരോ ശത്രുഭയം ഉണ്ടാകാതിരിക്കാന്‍ വേണ്ടി മാത്രം. ശത്രുഭയം വന്നുപോയാല്‍ നമ്മള്‍ കുഴഞ്ഞില്ലേ.
- പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക.
- താമസസ്ഥലം, വിശേഷിച്ച് കിടപ്പുമുറിയും മറ്റും പൊടിവിമുക്തമായി സൂക്ഷിക്കുക. ജനലും വാതിലുമൊക്കെ പൊടി കയറാതെ അടച്ചിടുക
- മുറി ദിവസവും തൂത്തു വൃത്തിയാക്കുകയും നനഞ്ഞ തുണി കൊണ്ടു തുടയ്ക്കുകയും ചെയ്യുക. നിലവില്‍ പൊടിക്ക് അലര്‍ജിയുണ്ടെങ്കില്‍ മാസ്‌ക് ധരിച്ചുമാത്രമേ തൂത്തുവാരാനിറങ്ങാവൂ.
- കിടപ്പുമുറിയില്‍ പുസ്തകങ്ങളും പഴയതുണികളും മറ്റും കുന്നുകൂടാന്‍ അനുവദിക്കാതിരിക്കുക.
- പുസ്തകങ്ങളും തുണികളും മറ്റും അലമാരയില്‍ അടച്ചു സൂക്ഷിക്കുക.
- കാര്‍പ്പറ്റുകളില്‍ പൊടി അടിഞ്ഞു കൂടാന്‍ സാധ്യതയുള്ളതിനാല്‍ അവ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
- ഫാന്‍, ലാമ്പ് ഷേഡുകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ തുടച്ചു വൃത്തിയാക്കുക.
- പഞ്ഞി കൊണ്ടുള്ള മെത്തകളും തലയിണകളും ഉപയോഗിക്കാതെ റബര്‍ ഫോം, റെക്രോണ്‍ എന്നിവ കൊണ്ടുള്ളത് ഉപയോഗിക്കുക.
- കുഷ്യന്‍ കവറുകള്‍, കര്‍ട്ടനുകള്‍, ബെഡ് ഷീറ്റുകള്‍ തുടങ്ങിയവ ഇടയ്ക്കിടെ തിളച്ച വെള്ളത്തില്‍ മുക്കി അലക്കുകയോ വെയിലില്‍ ഉണക്കിയെടുക്കുകയോ ചെയ്യുക.
- മുറി തുടയ്ക്കുകയോ തൂത്തുവാരുകയോ ചെയ്ത ശേഷം അരമണിക്കൂര്‍ അകത്തേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുക.
- ടൂവീലറുകളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌കോ ഹെല്‍മറ്റോ നിര്‍ബന്ധമായും ധരിക്കുക.
- കാറിനുള്‍വശം വാക്വം ക്ലീനര്‍ ഉപയോഗിച്ച് പൂര്‍ണമായും പൊടിവിമുക്തമാക്കുക.
- മൃദുവായതും രോമം കൊണ്ടുള്ളതുമായ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുക.
- പാചകത്തിന് കഴിവതും കുക്കിങ് ഗ്യാസ് ഉപയോഗിക്കുക.
- പുകവലി ഒഴിവാക്കുക, വീട്ടിനുള്ളില്‍ ആരും പുകവലിക്കാതിരിക്കുക.
- ചന്ദനത്തിരി, കൊതുകുതിരി മുതലായ പുക വരുന്ന സാധനങ്ങള്‍ വീട്ടിനുള്ളില്‍ ഉപയോഗിക്കാതിരിക്കുക.
- മൃഗങ്ങളെയും പക്ഷികളെയും വീട്ടിനുള്ളില്‍ വളര്‍ത്തരുത്. വളര്‍ത്തുമൃഗങ്ങളുമായുള്ള അടുത്തിടപഴകുന്ന സഹവാസം ഒഴിവാക്കുക.
- ഇന്‍ഡോര്‍ ചെടികള്‍ പൂര്‍ണമായി ഒഴിവാക്കുക. കൃഷിയിടത്തിലേക്ക് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക.
- അലര്‍ജിയുണ്ടാക്കുന്നതായി ഏതെങ്കിലും ഭക്ഷണസാധനം കണ്ടെത്തിയാല്‍ അവയെ എന്നന്നേക്കുമായി ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക
- തണുത്തതും ടിന്നിലടച്ചതുമായ ഭക്ഷണങ്ങള്‍ തീരെ കുറച്ചുമാത്രം കഴിക്കുക. ചോക്കലേറ്റ് തുടങ്ങിയവയ്ക്ക് അലര്‍ജിയുണ്ടെങ്കില്‍ അവ പൂര്‍ണമായി ഒഴിവാക്കുക.