തിരുവനന്തപുരം: കേരളം കണ്ട വന്‍അഴിമതികളുടെ നിലവാരത്തിലേക്ക് 108 ആംബുലന്‍സ് അഴിമതിയും വളരുന്നുവോയെന്ന പ്രതീതി ശക്തി പ്രാപിക്കുന്നു. നിശ്ചിത നിലവാരത്തിലുള്ള സൗകര്യമില്ലാത്തതും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ ജിവികെഇഎംആര്‍ഐ എന്ന കമ്പനിക്ക് ആംബുലന്‍സ് നടത്തിപ്പിന്റെ ചുമതല കൈമാറിയതിനു പിന്നില്‍ 250 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന എഐസിസി പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു.
ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങള്‍ അയോഗ്യരാക്കിയ കമ്പനി ആ വിവരം മറച്ചു വച്ചാണ് കേരളത്തിലെ ടെന്‍ഡറില്‍ പങ്കെടുത്തതെന്നും യോഗ്യതകള്‍ സംബന്ധിച്ച പരിശോധന വേണ്ട വിധത്തില്‍ നടത്താതെയാണ് അവര്‍ക്ക് ആംബുലന്‍സ് നടത്തിപ്പിന്റെ ചുമതല കൈമാറിയതെന്നുമുള്ള വിവരങ്ങളാണ് പുതിയതായി വെളിച്ചത്തില്‍ വന്നിരിക്കുന്നത്.
എതെങ്കിലും സര്‍ക്കാരുകള്‍ വിലക്ക് ഏര്‍പ്പെടുത്തുകയോ കരിമ്പട്ടികയില്‍ പെടുത്തുകയോ ചെയ്തിട്ടുള്ള കമ്പനികളെ ഇത്തരം ടെന്‍ഡറില്‍ പങ്കെടുപ്പിക്കരുതെന്ന് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദേശം നിലനില്‍ക്കെയാണ് കേരളത്തിലെ കരാര്‍ അതേ കമ്പനിക്കു തന്നെ നല്‍കിയത്. കേരളത്തില്‍ കരാറെടുത്ത കമ്പനിയെ കര്‍ണാടക സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തുകയും മേഘാലയ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ടെന്‍ഡറിന്റെ സാങ്കേതിക പരിശോധന സമയത്ത് ഇതു കണ്ടെത്തുകയും ഇവരെ വിലക്കുകയും ചെയ്യേണ്ടതായിരുന്നുവെന്ന വിവരമാണ് പുറത്തായിരിക്കുന്നത്.
എന്നാല്‍ ഈ കമ്പനിക്ക് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 316 ആംബുലന്‍സുകളുടെ നടത്തിപ്പിന് 517 കോടി രൂപയുടെ കരാര്‍ ഉറപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. അതേ സ്ഥാനത്ത് അതേ കമ്പനിക്കു തന്നെ ഈ വര്‍ഷം 355 ആംബുലന്‍സുകള്‍ ഓടിക്കുന്നതിന് 293 കോടി രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്. കമ്പനി ആവശ്യപ്പെട്ടതും അത്രയും തുക മാത്രമായിരുന്നു. ആംബുലന്‍സുകളുടെ എണ്ണം കൂടിയപ്പോഴും തുകയില്‍ വന്‍തോതിലുള്ള കുറവു വന്നതോടെയാണ് അഴിമതിയുടെ സംശയം ഉയരുന്നതും പ്രതിപക്ഷം അതു പൊതുമധ്യത്തിലേക്കെത്തിച്ചതും.
108 നമ്പര്‍ ആംബുലന്‍സില്‍ നൂറു ശതമാനം തിരിമറിയോ, സംശയം കനക്കുന്നു.
