കാര്‍ബൈഡ് തോക്കുകൊണ്ട് ദീപാവലി ആഘോഷം പതിനാലു കുട്ടികള്‍ക്ക് കാഴ്ച നഷ്ടമായി

ഭോപ്പാല്‍: ദീപാവലി ആഘോഷിക്കുന്നതിനായി കാര്‍ബൈഡ് തോക്ക് ഉപയോഗിച്ചു കളിക്കുകയായിരുന്ന പത്തൊമ്പതു കുട്ടികള്‍ക്ക് കാഴ്ച ശക്തി നഷ്ടമായി. നൂറ്റമ്പതോളം കുട്ടികള്‍ കണ്ണിനു ഗുരുതരമായി പരിക്കേറ്റ് മധ്യപ്രദേശിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. യാതൊരു ഗാരന്റിയുമില്ലാതെ പ്രാദേശികമായി നിര്‍മിക്കപ്പെടുന്നതാണ് കാര്‍ബൈഡ് തോക്കുകള്‍. ഇതിനു നിയമപരമായ വില്‍പനയ്‌ക്കോ ഉപയോഗത്തിനോ അനുമതിയുമില്ലാത്തതാണ്. എന്നാല്‍ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും വളരെ സാധാരണമായി ഇതു വില്‍ക്കപ്പെടുന്നു.

ഒരു പിവിസി പൈപ്പിനുള്ളില്‍ കാല്‍സ്യം കാര്‍ബൈഡ് സഹിതമാണ് കാര്‍ബൈഡ് തോക്ക് ലഭിക്കുന്നത്. ഇതിലേക്ക് അല്‍പം വെള്ളം ഒഴിച്ചുകൊടുക്കുമ്പോള്‍ കാര്‍ബൈഡില്‍ നിന്ന് അസറ്റിലിന്‍ വാതകം ഉണ്ടാകുന്നു. ഒരു ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയാല്‍ അതിഭയങ്കര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും നാലുപാടും നിറങ്ങള്‍ വിതറുകയും ചെയ്യും. അതിനാലാണ് കുട്ടികള്‍ ആഘോഷ വേളകളില്‍ കളിപ്പാട്ടമായി ഇതുപയോഗിക്കുന്നത്.

ഇങ്ങനെ പൊട്ടിത്തെറിക്കുമ്പോള്‍ പൈപ്പിനുള്ളില്‍ നിന്ന് പിവിസി തരികളും രാസവസ്തുക്കളും കണ്ണിലേക്കു തെറിച്ചു വീണാണ് എല്ലാവര്‍ക്കും അപകടമുണ്ടായിരിക്കുന്നത്. ചികിത്സയിലുള്ള കുട്ടികളില്‍ എത്രപേര്‍ക്കു കൂടി കാഴ്ചശക്തി നഷ്ടമാകുമെന്ന് പറയാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് അധികൃതര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *